ചിറയിൻകീഴ്(തിരുവനന്തപുരം): കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കവലയൂരിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (37) ആണ് കൊല്ലപ്പെട്ടത്.

ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം.

പത്തിലധികം പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോഷിയെ വീടിന് സമീപത്ത് വെച്ച് മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവു കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15-ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പോലീസ് പറയുന്നു. ജോഷിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് താഹയാണ് സംഭവത്തിന്റെ ദൃക്സാക്ഷി. ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights:man hacked to death in kadakavoor trivandrum