തിരുവനന്തപുരം: അമ്പൂരി കണ്ടംത്തിട്ടയില്‍ ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചനിലയില്‍. കണ്ടംതിട്ട ജിബിന്‍ ഭവനില്‍ സെല്‍വ മുത്തു(52)വിനെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. തലയിലും കഴുത്തിലും വെട്ടേറ്റനിലയില്‍ കിടക്കയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ സുമലതയെ നെയ്യാര്‍ ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്. ടാപ്പിങ് തൊഴിലാളിയായ സെല്‍വമുത്തു ജോലിക്കിടെ വീണ് പരിക്കേറ്റ് കിടക്കുകയാണെന്നാണ് സുമലത സമീപവാസികളോട് പറഞ്ഞിരുന്നത്. സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ സെല്‍വമുത്തുവിന്റ തലയിലും കഴുത്തിലും വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് നെയ്യാര്‍ഡാം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

ഇവർക്ക് മൂന്നു മക്കളാണുള്ളത്. മൂത്തമകന്‍ ജിബിന്‍ ബെംഗളൂരുവിലാണ്. ഓട്ടിസം ബാധിതനായ രണ്ടാമത്തെ മകന്‍ ജിത്തുവും നാലുവയസുകാരന്‍ ജിനോയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുമലത മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുടുംബവഴക്കും പതിവായിരുന്നു. സുമലതയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

Content Highlights: man hacked to death in amboori thiruvananthapuram his wife in police custody