ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിൽ യുവാവ് ഭാര്യയെയും പിതാവിനെയും വെട്ടിക്കൊന്നു. ജബൽപുർ ഗോഖലാഹർ ഗ്രാമത്തിലെ സന്തോഷ് ലോധി(35)യാണ് ഭാര്യ കവിത(32) പിതാവ് അമാൻ ലോധി(65) എന്നിവരെ കോടാലി കൊണ്ട് വെട്ടിക്കൊന്നത്. സന്തോഷ് ലോധിയെ പോലീസ് അറസ്റ്റ് ചെയ്തു.

അരുതാത്ത സാഹചര്യത്തിൽ ഭാര്യയെയും പിതാവിനെയും കണ്ടതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. വെള്ളിയാഴ്ച രാത്രിയാണ് സന്തോഷ് ലോധി ഇരുവരെയും ആക്രമിച്ചത്. മാരകമായി വെട്ടേറ്റ രണ്ടുപേരും ചോരവാർന്ന് മരിക്കുകയായിരുന്നു.

സന്തോഷിന്റെ ബന്ധു വിവരമറിയിച്ചതിനെതുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയം സന്തോഷ് വീട്ടുപടിക്കൽ ഇരിക്കുകയായിരുന്നു. തുടർന്ന് വീടിനകത്ത് പരിശോധന നടത്തിയ പോലീസ് സംഘം കിടപ്പുമുറിക്കുള്ളിൽ ചോരയിൽകുളിച്ചനിലയിൽ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം തുടരുകയാണെന്നും എ.എസ്.പി(റൂറൽ) എസ്.എസ്. ഭാഗേൽ പറഞ്ഞു.

Content Highlights:man hacked to death his wife and father in jabalpur