മങ്കട(മലപ്പുറം): സഹോദരിയുടെ ഭര്‍ത്താവിനെ യുവാവ് വെട്ടിക്കൊന്നു. കുറുവ വറ്റലൂര്‍ ലണ്ടന്‍പടിയിലെ തുളുവത്ത് കുഞ്ഞിമൊയ്തീന്‍കുട്ടിയുടെയും ആയിഷയുടെയും മകന്‍ ജാഫര്‍ (36) ആണ് കൊല്ലപ്പെട്ടത്. ജാഫറിനെ വെട്ടിയ കോഡൂര്‍ തോരപ്പ റഹൂഫും (41) ഗുരുതരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. മക്കരപ്പറമ്പ് ചെറുപുഴയിലാണ് വെട്ടേറ്റനിലയില്‍ ജാഫറിനെ കണ്ടത്. മഞ്ചേരിയിലേക്കു പോകുകയായിരുന്ന ജാഫറുമായി കാറില്‍ പിന്തുടര്‍ന്നെത്തിയ റഹൂഫ് വഴക്കിടുകയും കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. മങ്കട പോലീസ് സ്ഥലത്തെത്തി മൃതദേഹം പെരിന്തല്‍മണ്ണ ആശുപത്രിയിലേക്കു മാറ്റി.

സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ജാഫറിന്റെ ബന്ധുവിന്റെ പരാതിപ്രകാരം കൊളത്തൂര്‍ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ചെയ്തു.

ഭാര്യ: ഷബാന. മക്കള്‍: ജാസിന്‍, നിദാ ഫാത്തിമ, മനു.