ലഖ്നൗ: ഉത്തർപ്രദേശിലെ ബദോഹിയിൽ യുവാവ് സഹോദരനെയും സഹോദരന്റെ ഭാര്യയെയും വെട്ടിക്കൊന്നു. ബദോഹി കാജിയാന സ്വദേശിയായ നൗഷാദ് ആണ് സഹോദരനായ ജമീൽ(42) ജമീലിന്റെ ഭാര്യ റൂബി(38) എന്നിവരെ വെട്ടിക്കൊന്നത്. ഇവരുടെ ഒരുവയസ്സുള്ള മകന്റെ കൈയും കാലും അക്രമി വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ടായിരുന്നു ദാരുണമായ സംഭവം. കുടുംബപ്രശ്നങ്ങളാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തർക്കത്തിനിടെ ഇറച്ചിവിൽപ്പനക്കാരനായ നൗഷൗദ് ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് സഹോദരനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ ഇവരെ നാട്ടുകാർ ബദോഹിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൈയും കാലും അറ്റു പോയ ഒരുവയസ്സുള്ള കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണ്.

സംഭവത്തിന് ശേഷം നൗഷാദും മാതാവും വീട്ടിൽനിന്ന് രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഉടൻ പിടികൂടുമെന്നും ബദോഹി പോലീസ് സൂപ്രണ്ട് രാംബദൻ സിങ് പറഞ്ഞു.

Content Highlights:man hacked to death brother and his wife in up