ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു. അഹമ്മദ് ബിൻ സലാം ഇസ്മയിൽ എന്നയാളാണ് സഹോദരിമാരായ റസിയ ബീഗം(35) സാക്കിറ ബീഗം(45) എന്നിവരെ കൊലപ്പെടുത്തിയത്. ഹൈദരാബാദ് ചന്ദ്രയാൻഗുട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിൽ ഇസ്മയിലിന്റെ മറ്റൊരു സഹോദരിയായ നൂറയ്ക്കും ഭർത്താവ് ഒമർ ഹസനും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ വർഷം ഭാര്യ ഫാത്തിമയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇസ്മയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഇയാൾ ആദ്യം റസിയ, സാക്കിറ എന്നിവരുടെ വീട്ടിലെത്തി. ഇരുവരെയും കത്തി കൊണ്ട് ആക്രമിച്ചു. മാരകമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പിന്നാലെ നാല് കിലോമീറ്റർ അകലെയുള്ള ഇളയ സഹോദരി നൂറയുടെ വീട്ടിലെത്തി. നൂറയെ കത്തി കൊണ്ട് കുത്തിയെങ്കിലും ഭർത്താവ് ഒമർ ഹസൻ തടയാൻ ശ്രമിച്ചു. ആക്രമണത്തിൽ ഇരുവർക്കും മാരകമായി പരിക്കേറ്റു. ഇരുവരും മരിച്ചെന്ന് കരുതിയാണ് ഇസ്മയിൽ ഇവിടെനിന്നും കടന്നുകളഞ്ഞത്. എന്നാൽ നാട്ടുകാർ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

Content Highlights:man gets bail in wife's murder case later killed his two sisters