പത്തനംതിട്ട: സുഹൃത്തിന്റെ മകളായ എട്ടരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് ഒമ്പതുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പന്തളം തുമ്പമണ്‍ നടവിലെമുറിയില്‍ പാമ്പുമഠത്തില്‍ കിഴക്കേതില്‍ സാമുവലിനാണ് (52) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്. 2017 ജൂണ്‍ മുതല്‍ ഒരു മാസമാണ് കുട്ടിയെ പീഡിപ്പിച്ചത്.

സുഹൃത്തും ഭാര്യയും വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം. കുട്ടിയെ പ്രതി മടിയിലിരുത്തി ചുംബിക്കുന്നത് അവിചാരിതമായി കണ്ടതോടെയാണ് പീഡനവിവരം അറിഞ്ഞത്. പരാതിയെത്തുടര്‍ന്ന് പന്തളം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രതി മുമ്പും സമാനകേസില്‍ വിചാരണ നേരിട്ടതാണ്. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. പ്രോസിക്യൂഷനുവേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.