പാലക്കാട്: 15 വയസ്സുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിക്ക് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി 36 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തിരുവിഴാംകുന്ന് അമ്പലപ്പാറ വലിയപാടത്ത് വീട്ടില്‍ ശശിക്കാണ് (25) ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി (പോക്‌സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി അധികതടവനുഭവിക്കണം.

ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 12 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. 2017-ലാണ് കേസിന് ആസ്പദമായ സംഭവം. പലപ്പോഴായി ശശി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സി.ഐ. ആയിരുന്ന ഹിദായത്തുള്ള മാമ്പ്ര അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുബ്രഹ്‌മണ്യന്‍ ഹാജരായി.