വൈക്കം: അയല്‍വാസികളായ ദമ്പതിമാരെ ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിക്ക് 17 വര്‍ഷം കഠിനതടവും മുക്കാല്‍ലക്ഷം രൂപ പിഴയും. വൈക്കം വടയാര്‍ ഉമ്മാന്‍കുന്ന് ചോഴാച്ചേരില്‍ കുഞ്ഞപ്പനെയാണ് (63) കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍സണ്‍ ജോണ്‍ ശിക്ഷിച്ചത്. അയല്‍വാസികളായ കാളാശ്ശേരില്‍ രവീന്ദ്രനെയും ഭാര്യ രാധാമണിയെയുമാണ് കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ രവീന്ദ്രനും രാധാമണിക്കും പിഴസംഖ്യ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു.

2012 മാര്‍ച്ച് ഒന്‍പതിന് പുലര്‍ച്ചെ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പണി പൂര്‍ത്തിയാകാത്ത വീട്ടിലെ മുറിയില്‍ പാളികളില്ലാത്ത ജനലിന് സമീപം ഉറങ്ങുകയായിരുന്ന രവീന്ദ്രന്റെയും രാധാമണിയുടെയും ദേഹത്തേക്ക് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രവീന്ദ്രനെയും രാധാമണിയെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

തന്റെ ഭാര്യ പിണങ്ങിപ്പോയത് അയല്‍വാസിയായ രവീന്ദ്രന്റെ ദുര്‍മന്ത്രവാദം മൂലമാണെന്ന് ഇയാള്‍ കരുതി. ഇതിനു പകരംവീട്ടാനാണ് ആസിഡ് ഒഴിച്ചതെന്നാണ് കേസ്. പ്രതി വര്‍ഷങ്ങളോളം ഒളിവിലായിരുന്നു. തലയോലപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത് വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ.എസ്.ബേബിയാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ജിതേഷ്, ടോജി തോമസ് എന്നിവര്‍ ഹാജരായി.