വാഷിങ്ടണ്‍:  യു.എസിലെ ഒക്‌ലഹോമയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരകളിലൊരാളുടെ ഹൃദയം പാകംചെയ്ത് കഴിച്ചതായി റിപ്പോര്‍ട്ട്. ഒക്ലഹോമയിലെ വിവിധ മാധ്യമങ്ങളാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. 

ഫെബ്രുവരി ഒമ്പതിനാണ് ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ എന്നയാള്‍ മൂന്നുപേരെ നിഷ്‌കരുണം കൊലപ്പെടുത്തിയത്. അയല്‍ക്കാരിയായ യുവതി, അമ്മാവന്‍, അമ്മാവന്റെ ചെറുമകളായ നാലുവയസ്സുകാരി എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മാവന്റെ ഭാര്യ ചികിത്സയിലാണ്. 

അയല്‍ക്കാരിയായ യുവതിയെയാണ് ലോറന്‍സ് ആദ്യം കുത്തിക്കൊന്നത്. പിന്നാലെ മൃതദേഹത്തില്‍നിന്ന് ഹൃദയം പുറത്തെടുത്ത് ഉരുളക്കിഴങ്ങ് ചേര്‍ത്ത് പാകംചെയ്യുകയായിരുന്നു.  പാകം ചെയ്ത ഹൃദയവുമായി അമ്മാവന്റെ വീട്ടിലെത്തി അവരെക്കൊണ്ട് കഴിപ്പിക്കാനും ശ്രമിച്ചു. പിശാചുക്കളില്‍നിന്ന് മോക്ഷം ലഭിക്കാനെന്ന് പറഞ്ഞാണ് ഇവര്‍ക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്ത് പാകംചെയ്ത ഹൃദയം വിളമ്പിയത്. എന്നാല്‍ പിന്നാലെതന്നെ അമ്മാവന്റെ കുടുംബത്തെയും ഇയാള്‍ ആക്രമിച്ചു. അമ്മാവനെയും അദ്ദേഹത്തിന്റെ ചെറുമകളെയും കുത്തിക്കൊന്ന പ്രതി അമ്മാവന്റെ ഭാര്യയെ മാരകമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. 

ആരെയും നടുക്കുന്ന ക്രൂരതയുടെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ് കോടതിയില്‍ വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തു. 2017-ല്‍ മയക്കുമരുന്ന് കേസിലും ലോറന്‍സ് പിടിയിലായിരുന്നെങ്കിലും അടുത്തിടെ ജയില്‍ മോചിതനാവുകയായിരുന്നു. 

Content Highlights: man from usa killed neighbor and cooked her heart with potatoes