കോട്ടയം: വഴക്കടിച്ച കമിതാക്കളില്‍ കാമുകനെ ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവസമയം ഒപ്പമുണ്ടായിരുന്ന യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വൈക്കം വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപു (22) ആണ് മരിച്ചത്. 

കാണാതായ യുവതിയുടെ ബാഗും മൊബൈല്‍ഫോണും മാസ്‌കും ടവ്വലും മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍തന്നെ അല്പംമാറി ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മൃതദേഹത്തില്‍നിന്ന് പോലീസിന് ലഭിച്ചു. യുവതിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. 

തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുമരകം ചീപ്പുങ്കല്‍ മാലിക്കായലിന് സമീപത്ത് ടൂറിസം വകുപ്പിന്റെ കാടുപിടിച്ചുകിടക്കുന്ന തകര്‍ന്ന കെട്ടിടത്തിലേക്ക് യുവാവും യുവതിയും കയറിപ്പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇരുവരെയും പുറത്തേക്ക് കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒപ്പമുണ്ടായിരുന്ന യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും സമീപത്തെങ്ങും കണ്ടെത്താനുമായില്ല. നാട്ടുകാര്‍ വെസ്റ്റ് പോലീസില്‍ വിവരമറിയിച്ചു. അവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന്, വീട്ടുകാരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോര്‍ട്ടിന് വശത്തുകൂടി ഓടി പ്രധാനവഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകീട്ട് സമീപപ്രദേശത്തെ വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

യുവാവ് തൂങ്ങുന്നതുകണ്ട് യുവതി ഭയന്നോടുന്നതിനിടെ വെള്ളത്തില്‍ വീണിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് പരിശോധന നടത്തുന്നത്. രാത്രി വൈകിയും യുവതി ബന്ധുവീടുകളിലുള്‍പ്പെടെ എങ്ങുമെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. നേരത്തേയുള്ള വഴക്കിനെത്തുടര്‍ന്ന് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിലായിരിക്കാം കയറുമായി യുവാവ് ഇവിടെയെത്തിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ചൊവ്വാഴ്ച തുടരുമെന്ന് പോലീസ് പറഞ്ഞു. ഗോപുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പില്‍.

Content Highlights: Man found dead in Kumarakom