അമ്പൂരി: കണ്ടംതിട്ടയില്‍ വീടിനുള്ളില്‍ ഗൃഹനാഥനെ കഴുത്തറത്തു കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാനസികവെല്ലുവിളി നേരിടുന്ന ഭാര്യയെ നെയ്യാര്‍ഡാം പോലീസ് അറസ്റ്റുചെയ്തു. കണ്ടംതിട്ട ജിപിന്‍ ഭവനില്‍ സെല്‍വമുത്തു(52)വാണ് മരിച്ചത്. ഭാര്യ സുമലത(42)യാണ് അറസ്റ്റിലായത്.

കുടുംബപ്രശ്‌നത്താലുള്ള മനോവിഷമമാണ് കൊലപാതകത്തിനു കാരണമെന്നാണ് വീട്ടമ്മയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. സെല്‍വമുത്തുവും ഭാര്യയും ഓട്ടിസം ബാധിച്ച 14-കാരനായ രണ്ടാമത്തെ മകനും നാലു വയസ്സുകാരനായ മൂന്നാമത്തെ മകനും ഒരു മുറിയിലാണ് കിടന്നത്. 

അര്‍ദ്ധരാത്രിയോടെ ഭര്‍ത്താവും മക്കളും നല്ല ഉറക്കമായതോടെ ഉലക്കകൊണ്ട് സുമലത സെല്‍വമുത്തുവിന്റെ തലയ്ക്കടിച്ചു. സെല്‍വമുത്തുവിന്റെ ബോധം നഷ്ടപ്പെട്ടു. പിന്നീട് കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് കഴുത്തറത്തതായാണ് പോലീസ് പറയുന്നത്.