ചെത്തല്ലൂര്‍(പാലക്കാട്): നാട്ടുകല്‍ 55-ാം മൈല്‍ ചേലോക്കോടന്‍ മുഹമ്മദ് ആസിഫ് മരിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ കിണറില്‍ ഡമ്മിപരീക്ഷണം നടത്താന്‍ തീരുമാനിച്ചതായി മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസ് പറഞ്ഞു.

ആസിഫിന്റെ സുഹൃത്തുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തി. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഉന്നയിച്ചിട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ബന്ധപ്പെട്ട മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ആസിഫ് മരണം നടന്ന സ്ഥലത്തേക്ക് എത്തപ്പെടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും ശാസ്ത്രീയമായ പരിശോധനകള്‍ നടത്തിവരികയാണെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.

ചേലാക്കോടന്‍ വീട്ടില്‍ നാസറിന്റെ മകനും ഫുട്‌ബോള്‍ താരവുമായ ആസിഫിനെ (20) ഡിസംബര്‍ ഏഴിനാണ് വീട്ടിനടുത്തുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 11 മീറ്ററോളം ആഴത്തില്‍ വെള്ളമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരുന്നു. നാട്ടുകല്‍ പോലീസ് നടത്തിയ അന്വേഷണം ത്വരിതഗതിയിലല്ലെന്നും അന്വേഷണോദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും ആക്ഷന്‍ കൗണ്‍സിലും ഉള്‍പ്പെടെ പോലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അന്വേഷണച്ചുമതല ഡിവൈ.എസ്.പി.ക്ക് കൈമാറിയത്.

കല്ലടിക്കോട്ടെ യുവാവിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസ് 

കല്ലടിക്കോട്: പാലക്കയം കുണ്ടമ്പെട്ടിയില്‍ ജിജോയുടെ മരണത്തില്‍ കല്ലടിക്കോട് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. തിങ്കളാഴ്ചയാണ് ജിജോയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്. വീഴ്ചയില്‍ തലയ്ക്കും കാലിനും മുറിവ് പറ്റിയിട്ടുണ്ട്. ആന്തരികാവയവങ്ങളില്‍ വെള്ളം കയറിയിട്ടുമുണ്ട്.

ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൂന്നരയോടെ ജിജോ പഠിച്ചിരുന്ന യുവക്ഷേത്ര കോളേജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. നാലുമണിയോടെ പാലക്കയത്തെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പാലക്കയം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഇടവക വികാരി ഫാ. രാജു പുളിക്കത്താഴെ, യുവക്ഷേത്ര കോളേജിലെ വൈദികരായ മാത്യു വാഴയില്‍, ലാലു ഓലിക്കല്‍, ജെയിംസ് ചക്യേത്ത്, മുന്‍ വികാരി ഫാ. ഷാജു അങ്ങേവീട്ടില്‍ എന്നിവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചു.

തിങ്കളാഴ്ചരാത്രി മോട്ടോര്‍ ഓണാക്കാനായി പോയ ജിജോയെ ഏറെനേരമായിട്ടും കാണാതായതിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ജിജോയെ പുഴയില്‍ ബോധമറ്റ് കിടക്കുന്നതായി കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.