തിരൂര്‍: പോലീസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരിനടുത്ത് ബി.പി. അങ്ങാടി കട്ടച്ചിറ റോഡില്‍ കടയ്ക്കുമുന്നില്‍ കൂട്ടംകൂടി നിന്ന ആറു പേരാണ് പോലീസിനെക്കണ്ട് ഭയന്നോടിയത്. ഇവരില്‍ കട്ടച്ചിറ സ്വദേശിയും തിരൂര്‍ ടൗണിലെ ഓട്ടോഡ്രൈവറുമായ നെടുവരവമ്പത്ത് സുരേഷി(42)നെയാണ് പാടത്ത് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മതില്‍ ചാടി ഓടിയ സുരേഷിനെ തൊട്ടടുത്ത പാടത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അച്ഛന്‍: കൃഷ്ണന്‍കുട്ടി. അമ്മ: കാര്‍ത്ത്യായനി. ഭാര്യ: നിഷ. മകള്‍: ശിഖ (തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനി).

പോലീസിനെക്കണ്ട് ഓടിയ ഹബീബ് റഹ്മാന്‍, ബാബു എന്നിവരെ പോലീസ് പിടികൂടി കൊണ്ടുപോയി. സുരേഷിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Content Highlights: man found dead in a field in tirur