ഏറ്റുമാനൂർ: ഏറ്റുമാനൂർ-മണർകാട് ബൈപ്പാസ് റോഡിൽ കെ.എൻ.ബി. ജങ്ഷന് സമീപം വാഹന ഇടപാടുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ചുണ്ടകാട്ടിൽ കരുണാകരന്റെ മകൻ സതീശ്കുമാർ (തമ്പി-54) ആണ് മരിച്ചത്. തോർത്ത് കഴുത്തിൽ കെട്ടി കാറിനുള്ളിലെ പിടിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കാറിന്റെ സീറ്റ് പുറകോട്ട് വലിച്ചുവെച്ചനിലയിലാണ്. കാറിനുള്ളിൽനിന്ന് വിഷക്കുപ്പിയും കണ്ടെത്തി.

ഞായറാഴ്ച പുലർച്ചെ 1.30-ന് പട്രോളിങ്ങിന് പോയ പോലീസുകാരാണ് വഴിയരികിൽ വാതിൽതുറന്ന കാറിൽ മരിച്ച നിലയിൽ സതീശനെ കാണുന്നത്.

വാഹനക്കച്ചവടവും സാമ്പത്തിക ഇടപാടുകളും മറ്റും നടത്തിവന്നിരുന്നയാളാണ് സതീശ്കുമാർ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. എന്നാൽ, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അതിരമ്പുഴ കിടാച്ചിറയിൽ ഷീല. മക്കൾ: ശ്രീജിത്ത് (ദുബായ്), അഭിജിത്ത് (ആക്സിസ് ബാങ്ക്). മരുമകൾ: അർച്ചന (ദുബായ്). ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.