വടക്കാഞ്ചേരി: കുറുമാല്‍ മിച്ചഭൂമി കോളനിയിലെ വീടിനുള്ളില്‍ കണ്ട അഴുകിയ മൃതദേഹം വീട്ടുടമ കുരിശിങ്കല്‍ ഡെന്നി(41)യുടേതെന്ന് സ്ഥിരീകരിച്ചു. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു. ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്.

ഡെന്നി തനിച്ചാണ് താമസം. നെല്ലങ്കരയില്‍നിന്ന് ഇവിടെ വന്ന് താമസമാക്കിയ ഇയാള്‍ മരംമുറിക്കാരനാണ്. ലഹരിക്കടിമയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇയാളെ പുറത്തുകണ്ടവരാരുമില്ല. വീടിന്റെ വാതില്‍ തുറന്നുകിടന്നതും പുറത്ത് കാണപ്പെട്ട രക്തക്കറയുള്ള മരവടിയും മരണത്തില്‍ ദുരൂഹതയുളവാക്കുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുഖത്ത് അടിയേറ്റതിന്റെ തെളിവുകള്‍ കണ്ടതോടെ കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുറുമാലിലെ വീട്ടില്‍ അവസാനം ഡെന്നിയോടൊപ്പമെത്തിയ വ്യക്തിയെക്കുറിച്ചാണ് അന്വേഷണം.