മുംബൈ: കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവുമായി യുവാവ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞു. ആശുപത്രി അധികൃതർ പരാതി നൽകിയതോടെ പോലീസ് യുവാവിനെ കണ്ടെത്തി മൃതദേഹം തിരികെയെത്തിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ആശുപത്രി അധികൃതരെ മണിക്കൂറുകളോളം കുഴക്കിയ സംഭവമുണ്ടായത്.

ഗെവ്റായി സ്വദേശിയായ 38-കാരനാണ് ഭാര്യയുടെ മൃതദേഹവുമായി കോവിഡ് ആശുപത്രിയിൽനിന്ന് കടന്നത്. ഇയാൾക്കൊപ്പം ബന്ധുക്കളായ മൂന്നുപേരും സഹായത്തിനുണ്ടായിരുന്നു. ഇവർക്കെതിരേ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.

ഏപ്രിൽ 23-നാണ് യുവാവിന്റെ ഭാര്യയെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ യുവതി മരിച്ചു. തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനിരിക്കെയാണ് യുവതിയുടെ ഭർത്താവ് തർക്കമുണ്ടാക്കിയത്.

മൃതദേഹം തങ്ങൾക്ക് വിട്ടുതരണമെന്നും നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പ് നടത്തിയ ആന്റിജെൻ പരിശോധനയിൽ ഭാര്യ നെഗറ്റീവാണെന്നും അതിനാൽ മൃതദേഹം വിട്ടുനൽകണമെന്നും യുവാവ് പറഞ്ഞു. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനാകില്ലെന്നും വിട്ടുനൽകാനാവില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ആശുപത്രി ജീവനക്കാർ ജോലിത്തിരക്കിലായതോടെ യുവാവ് ഭാര്യയുടെ മൃതദേഹവുമായി ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോളൊന്നും പാലിക്കാതെയാണ് ഇവർ മൃതദേഹം രഹസ്യമായി കൊണ്ടുപോയത്.

മോർച്ചറിയിലേക്ക് മാറ്റാനായി ജീവനക്കാരൻ വാർഡിൽ എത്തിയപ്പോഴാണ് മൃതദേഹം കാണാതായെന്ന് മറ്റുള്ളവരും അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ ഒരുമണിക്കൂറിനുള്ളിൽതന്നെ യുവാവിനെയും ബന്ധുക്കളെയും കണ്ടെത്തി മൃതദേഹം തിരികെ എത്തിച്ചു.

Content Highlights:man flee with wife body from covid hospital