കൊച്ചി: പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ച് പ്രതി സ്റ്റേഷനിൽനിന്ന്‌ രക്ഷപ്പെട്ടു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ബുധനാഴ്ച പുലർച്ചെ 3.30-ഓടെയായിരുന്നു സംഭവം.

നിരവധി മോഷണക്കേസുകളിൽ പ്രതിയായ പൊന്നാനി സ്വദേശി തഫ്‌സീർ ദർവേഷാണ് (21) രക്ഷപ്പെട്ടത്. നഗരത്തിൽ മാർക്കറ്റ് റോഡിലും മറ്റും നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊന്നാനി സ്വദേശികളായ തഫ്‌സീറിനെയും മുഹമ്മദ് അസ്ലമിനെയും (19) ചൊവ്വാഴ്ച സെൻട്രൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

ചാലക്കുടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്നു ഇവർ. ബുധനാഴ്ച പുലർച്ചെ ഇവരിൽ അസ്ലമിനെ പ്രാഥമിക ആവശ്യം നിറവേറ്റാൻ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന സമയത്ത് സെല്ല് തുറന്നപ്പോൾ അകത്തുനിന്ന തഫ്‌സീർ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. തലേദിവസം കഴിക്കാൻ നൽകിയിരുന്ന ഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന വെജിറ്റബിൾ കറി പോലീസുകാരന്റെ കണ്ണിലേക്ക് ഒഴിച്ചു. ഇതോടെ രണ്ടുപേരും പുറത്തേക്ക് ഓടി. ഉടൻ സ്റ്റേഷനിലെ മറ്റ് പോലീസുകാർ ചേർന്ന് അസ്ലമിനെ പിടികൂടിയെങ്കിലും തഫ്‌സീർ സ്റ്റേഷൻ വളപ്പിൽനിന്നു രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും പിടിക്കാനായില്ല. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നഗരത്തിെന്റ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പോലീസ് അരിച്ചുപെറുക്കിയെങ്കിലും പ്രതിയെ ഇനിയും കിട്ടിയിട്ടില്ല. ഇയാൾ കൂടുതൽ ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നും ഉടൻ പിടികൂടാൻ കഴിയുമെന്നാണു കരുതുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

രക്ഷപ്പെടുന്നതിനായി ഇരുവരും ചേർന്ന് നടത്തിയ പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച രാത്രി കഴിക്കാൻ നൽകിയ കറി ഇവർ കളയാതെ സൂക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടാനായി രണ്ടുപേരും ഉറങ്ങാതിരിക്കുകയായിരുന്നുെവന്ന് സംശയിക്കുന്നു.

നല്ല ഉയരവും ഇരുനിറമുള്ള പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ 9037085388, 9497962079, 9497980427 0484 2394500 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് സെൻട്രൽ പോലീസ് അഭ്യർഥിച്ചു.

Content Highlight: man escaped from police station