ആലപ്പുഴ: വയോധികയെ തോക്കുചൂണ്ടി 30 ലക്ഷം രൂപ പണം ആവശ്യപ്പെട്ട സംഭവത്തില്‍ യുവാവ് പിടിയില്‍. ഇരവുകാട് വാര്‍ഡില്‍ പനയ്ക്കല്‍ വീട്ടില്‍ ഫിറോസ് (21) ആണ് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇവരുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരുടെ കൊച്ചുമകനാണ് പ്രതി. ഇയാള്‍ കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിനായി പണം ഇല്ലാതിരുന്നപ്പോഴാണ് കോണ്‍വെന്റ് സ്‌ക്വയര്‍ പരുത്തിക്കാട് വീട്ടില്‍ ലില്ലി കോശിയെ തോക്കുചൂണ്ടി പണംതട്ടാന്‍ ശ്രമിച്ചത്.

വീട്ടിലെ സാഹചര്യം അറിയുന്നതിനെ തുടര്‍ന്നാണിത്. സംഭവവുമായി വേലക്കാരിക്ക് ബന്ധമില്ലെന്നാണ് നിഗമനം. പ്രതി ഭീഷണിപ്പെടുത്തിയപ്പോള്‍ വേലക്കാരി തന്നെയാണ് പോലീസിനെ വിളിക്കാന്‍ പറഞ്ഞത്. ഇവര്‍ക്ക് ആളെ മനസ്സിലായില്ലെന്നാണ് കരുതുന്നത്.

നഗരത്തിലെ സി.സി.ടി.വി.കള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പോലീസിന് പ്രതി സഞ്ചരിച്ച ബൈക്കിന്റെ അവസാനത്തെ അക്കമായ ഒന്‍പത് മാത്രമാണ് തുമ്പായി ഉണ്ടായിരുന്നത്.

ഇതും ബൈക്കിന്റെ പഴക്കവും കണക്കാക്കി നഗരത്തിലെ ഇരുചക്രവാഹന ഷോറൂമുകളില്‍നിന്ന് ഒന്‍പതാം നമ്പരില്‍ അവസാനിക്കുന്ന അതേ മോഡല്‍ ബൈക്കിന്റെ ഉടമകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് ബന്ധപ്പെട്ടുവന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് സുഹൃത്ത് ബൈക്ക് കൊണ്ടുപോയതായി ഒരാള്‍ പോലീസിനെ അറിയിച്ചു. ഇയാള്‍ സി.സി.ടി.വി. ദൃശ്യം കാണിച്ചാണ് പ്രതിയെ ഉറപ്പാക്കിയത്. നോര്‍ത്ത് എസ്.ഐ. ടോണ്‍സണ്‍ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ പ്രതി വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു.

Content Highlights: man enters home and asked money at gun point in alappuzha, accused arrested