കാൻപുർ: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മകൻ വഴിയിൽ ഉപേക്ഷിച്ച അമ്മ ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശിലെ കാൻപുരിലാണ് ദാരുണമായ സംഭവം. അമ്മയെ ഉപേക്ഷിച്ചതിന് മകനെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

കാൻപുർ കന്റോണ്‍മെന്റ്‌ സ്വദേശിയായ വിശാലാണ് കഴിഞ്ഞ ദിവസം അമ്മയെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അമ്മയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ ഇയാൾ അമ്മയുമായി ചക്കേരി മേഖലയിലെത്തി. തുടർന്ന് സഹോദരിയുടെ വീടിന് മുന്നിലുള്ള റോഡിന് സമീപം അമ്മയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകാൻ മകളും തയ്യാറായില്ല. സംഭവം കണ്ടെത്തിയ നാട്ടുകാർ സ്ത്രീയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ കണ്ടെത്തിയ പോലീസാണ് ആംബുലൻസ് വിളിച്ച് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇവർ മരണത്തിന് കീഴടങ്ങി.

അമ്മയെ ഉപേക്ഷിച്ചതിന് മകനായ വിശാലിനെതിരേ കേസെടുത്തതായും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡി.സി.പി. അനുപ് സിങ് പറഞ്ഞു. അവശനിലയിലായ സ്ത്രീയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അവർ മരിച്ചെന്നും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:man dumped her mother in roadside after she tested covid positive