അഞ്ചാലുംമൂട്: പോലീസിനെക്കണ്ടു ഭയന്ന് കായലിൽ ചാടിയ ഫുട്ബോൾ പരിശീലകനായ യുവാവ് മുങ്ങിമരിച്ചു. കടവൂർ കെ.പി.നിവാസിൽ പ്രവീണാ(41)ണ് മരിച്ചത്. ജില്ലാ ഫുട്ബോൾ അസോസിയേഷൻ കോച്ചും സെലക്ടറുമായിരുന്നു.

ചൊവ്വാഴ്ച പതിനൊന്നുമണിയോടെ നീരാവിൽ പാലത്തിനു താഴെയാണ് സംഭവം. ചീട്ടുകളി നടക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പാലത്തിനു സമീപമെത്തി. പോലീസ് വരുന്നതുകണ്ട് കായലോരത്ത് ചീട്ടുകളിച്ചുകൊണ്ടിരുന്നവർ ഓടിരക്ഷപ്പെട്ടു. ചൂണ്ടയിട്ട് മത്സ്യം പിടിച്ചുകൊണ്ടിരുന്ന പ്രവീൺ കായലിലേക്ക് ചാടി. നീന്തി മറുകരയിൽ എത്തുന്നതിനുമുൻപ് കുഴഞ്ഞുപോകുകയായിരുന്നു. കായലോരത്ത് സംഭവം കണ്ടുനിന്ന രണ്ടു യുവാക്കൾ മുളവടിയിട്ട് പ്രവീണിനെ കരയ്ക്കുകയറ്റി സ്ഥലത്തുണ്ടായിരുന്ന വാഹനത്തിൽ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

പരേതനായ പ്രഭാകരൻ പിള്ളയുടെ മകനാണ് പ്രവീൺ. അമ്മ: രത്നമ്മയമ്മ. സഹോദരങ്ങൾ: പ്രീത, പ്രജീഷ്. ശവസംസ്കാരം ബുധനാഴ്ച നടത്തും. കൂട്ടംകൂടിനിന്നവർ തങ്ങളെക്കണ്ട് ഓടുകയായിരുന്നെന്നാണ് അഞ്ചാലുംമൂട് പോലീസ് പറയുന്നത്. ആരെയും തങ്ങൾ ഓടിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.