മറയൂര്‍: വിഷം കഴിച്ചശേഷം ചികിത്സ തേടി ഒറ്റയ്ക്ക് ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു.തായണ്ണന്‍കുടി ഗോത്രവര്‍ഗ കോളനിയിലെ അനിയന്റെയും നീലാമണിയുടെയും മകന്‍ കുമാറാണ്(25) ഞായറാഴ്ച മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് വിഷം കഴിച്ചതെന്നാണ് മരിക്കും മുന്‍പ് കുമാര്‍ പറഞ്ഞത്.

ഞായറാഴ്ചയാണ് കുമാര്‍ ചികിത്സ തേടി മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. നെഞ്ചുവേദനയാണെന്ന് മാത്രം പറഞ്ഞു.ഇ.സി.ജി. എടുത്തു നോക്കിയപ്പോള്‍ പ്രശ്‌നമൊന്നും കണ്ടില്ല. തുടര്‍ന്നാണ് രണ്ട് ദിവസം മുന്‍പ് എലിവിഷം കഴിച്ച കാര്യം കുമാര്‍ പറയുന്നത്.വിഷം കഴിച്ചിട്ട് ആരും കാണാതെ തായണ്ണന്‍ കുടിയിലെ കൃഷിയിടത്തില്‍ കഴിച്ച് കൂട്ടിയെന്നും അസ്വസ്ഥത തോന്നിയപ്പോള്‍ ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക് വരുകയായിരുന്നുവെന്നുമാണ് യുവാവ് പറഞ്ഞത്.

ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി.കൂടെ ആരും ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയധികൃതര്‍ ഉടനെ മറയൂര്‍ പഞ്ചായത്തിലും എസ്.ടി.ഓഫീസിലും ചിന്നാര്‍ വന്യജീവി സങ്കേതത്തിലും വിവരമറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോമോന്‍ തോമസ്, പഞ്ചായത്തംഗം കെ.അലി, ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, സോഷ്യല്‍ വര്‍ക്കര്‍ ധനുഷ് പി.കെ. എന്നിവരുടെ നേതൃത്വത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ഭാഗ്യക്ഷ്മി കമ്മാളം കുടിയിലായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മറയൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി. 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)