കൊട്ടിയൂര്‍: മാങ്ങ പറിച്ചുവെന്ന കാരണത്താല്‍ സമീപവാസി കുരിശുപള്ളി പരിസരത്തുനിന്ന് മാവ് വെട്ടി.

kottiyoor mango tree
വെട്ടിമുറിച്ച മാവ് ഉണങ്ങിപ്പോകാതിരിക്കാനായി പ്രദേശവാസികള്‍ മണ്ണ് പൊതിഞ്ഞ് സംരക്ഷിക്കാനുള്ള ശ്രമത്തില്‍

ശിക്ഷയായി പോലീസ് വിധിച്ചത് മൂന്ന് മാവുകള്‍ നട്ടുവളര്‍ത്തലും 5000 രൂപ പിഴയും. കൊട്ടിയൂര്‍ പാല്‍ചുരം ആശ്രമം ജങ്ഷന് സമീപം ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയുടെ കുരിശിന് സമീപത്തെ മാവാണ് പ്രദേശവാസിയായ കള്ളാട്ടില്‍ ജോസ് വെട്ടിമുറിക്കാന്‍ ശ്രമിച്ചത്.

മാവിന്റെ തായ്ത്തടിക്ക് ചുറ്റും വെട്ടുകയായിരന്നു. യുവാക്കള്‍ മാവില്‍ കയറി മാങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണം.

മാവു വെട്ടുന്നത് സമീപവാസികള്‍ വീഡിയോയെടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. പാല്‍ച്ചുരം കൂട്ടായ്മ പ്രവര്‍ത്തകരും പരിസ്ഥിതി സ്‌നേഹികളും പ്രശ്‌നത്തില്‍ ഇടപെട്ടു. പള്ളി അധികൃതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കേളകം പോലീസും സ്ഥലത്തെത്തി.

പിന്നീട് പള്ളി കമ്മിറ്റി ഭാരവാഹികളും സ്ഥലമുടമയും പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മൂന്ന് മാവിന്‍തൈകള്‍ നട്ടുവളര്‍ത്താമെന്നും 5000 രൂപ നഷ്ടപരിഹാരം നല്‍കാമെന്നും ഇയാള്‍ സമ്മതിച്ചത്.

മുറിച്ച മാവിന്റെ തടിയില്‍ മണ്ണുതേച്ചും മറ്റും ഉണങ്ങിപ്പോകാതെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Content Highlights: man cuts mango tree; kottiyoor police ordered a different punishment