മലപ്പുറം: ഗൃഹനാഥന്‍ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരുവാലി സ്വദേശി മൂസക്കുട്ടിയുടെ മരണത്തിലാണ് മകന്റെ പരാതിയില്‍ വണ്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൂസക്കുട്ടി ജീവനൊടുക്കാന്‍ കാരണം മകളുടെ ഭര്‍ത്താവിന്റെ സ്ത്രീധന പീഡനമാണെന്നാണ് പരാതിയിലെ ആരോപണം. ജീവനൊടുക്കുന്നതിന് മുമ്പ് ഇക്കാര്യം വിശദീകരിച്ച് മൂസക്കൂട്ടി റെക്കോഡ് ചെയ്ത വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

സെപ്റ്റംബര്‍ 23-നാണ് മൂസക്കുട്ടിയെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് മൂസക്കുട്ടി ഫോണില്‍ റെക്കോഡ് ചെയ്ത വീഡിയോയും പുറത്തുവന്നത്. മകള്‍ക്ക് ഇപ്പോള്‍ ഒരു കുട്ടിയായെന്നും കുട്ടിയായതോടെ അവര്‍ക്ക് തീരെവേണ്ടെന്നും മൂസക്കുട്ടി പറഞ്ഞിരുന്നു. അവര്‍ പത്ത് പവന്‍ കൂടി ആവശ്യപ്പെടുകയാണെന്നും തന്റെ പ്രയാസങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും പൊട്ടിക്കരഞ്ഞാണ് മൂസക്കൂട്ടി വീഡിയോയില്‍ പറഞ്ഞിരുന്നത്.

2020 ജനുവരിയിലായിരുന്നു മൂസക്കുട്ടിയുടെ മകള്‍ ഹിബയുടെ വിവാഹം. വിവാഹസമയത്ത് 18 പവന്‍ സ്ത്രീധനമായി നല്‍കിയിരുന്നു. കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടതോടെ ആറ് പവന്‍ കൂടി നല്‍കി. ഇതിനുശേഷവും ഹിബയുടെ ഭര്‍ത്താവ് പത്ത് പവന്‍ സ്വര്‍ണം കൂടി ആവശ്യപ്പെടുകയായിരുന്നു. പത്ത് പവന്‍ നല്‍കിയില്ലെങ്കില്‍ ഹിബയെ മൊഴി ചൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മകളെ കൊണ്ടുനടക്കുന്നത് താത്കാലിക അഡ്ജസ്റ്റ്‌മെന്റാണെന്നും ഭര്‍ത്താവ് മൂസക്കൂട്ടിയോട് പറഞ്ഞിരുന്നു.  ഈ ഭീഷണിയും അതിനെതുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദ്ദവുമാണ് മൂസക്കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂസക്കുട്ടി റെക്കോഡ് ചെയ്ത വീഡിയോയും കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്.  

Content Highlights: man commits suicide over daughters dowry issue he recorded video before death