വെള്ളറട(തിരുവനന്തപുരം): റേഷൻകടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ സ്ത്രീകളുടെ ഫോട്ടോയെടുത്തുവെന്നാരോപിക്കപ്പെട്ട് മർദനമേറ്റ കെട്ടിടനിർമാണ തൊഴിലാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനച്ചമൂട് സ്വാതിപുരം വേങ്കോട് കിഴക്കിൻകര വീട്ടിൽ രാജു(59)വിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ പനച്ചമൂട്ടിലെ റേഷൻകടയിൽ സാധനങ്ങൾ വാങ്ങാൻ പോയ രാജു, തിരക്കായ കാരണം റേഷൻ കാർഡ് നൽകിയ ശേഷം മാറിനിന്നു. ഇതിനിടെ, അവിടെ കൂടിനിന്ന സ്ത്രീകളുടെ ഫോട്ടോയെടുത്തുവെന്നാരോപിച്ച് അവിടെയുണ്ടായിരുന്നവരിൽ ചിലർ രാജുവിനെ കൈയേറ്റം ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു.
പിന്നീട് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വെള്ളറട പോലീസെത്തി മൊബൈൽ ഫോൺ വാങ്ങിയശേഷം വൈകീട്ട് സ്റ്റേഷനിലെത്താൻ നിർദേശം നൽകി മകനോടൊപ്പം രാജുവിനെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ രാജുവിനെ കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കടയ്ക്കു സമീപം കൂട്ടമായി നിന്നവരുടെ ഫോട്ടോയാണ് രാജു എടുത്തതെന്നും അവിടെയുണ്ടായിരുന്നവർ തെറ്റിദ്ധരിച്ചതാണെന്നും തുടർന്നുള്ള മാനഹാനിയാണ് മരണത്തിനു കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: വത്സല. മക്കൾ: രാജേഷ്, രജീഷ്, രാജിമോൾ. മരുമക്കൾ: അലക്സ്, വിശാഖ, സുൾഫി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:man commits suicide in vellarada trivandrum