കോട്ടയം:  കുമരകം ചീപ്പുങ്കലില്‍ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ സമീപത്തെ വയലില്‍ തളര്‍ന്നുകിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. 

കഴിഞ്ഞദിവസമാണ് വൈക്കം വെച്ചൂര്‍ സ്വദേശി ഗോപു(22)വിനെ ചീപ്പുങ്കല്‍ മാലിക്കായലിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ യുവാവും പെണ്‍കുട്ടിയും കാടുപിടിച്ച് കിടക്കുന്ന തകര്‍ന്ന കെട്ടിടത്തിലേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് യുവാവിനെ ഒരുമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും എഴുതിയ ഒരു കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ ബാഗും മൊബൈല്‍ഫോണും സ്ഥലത്തുനിന്ന് കിട്ടിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെല്ലാം വ്യാപകമായ തിരച്ചില്‍ നടത്തി. ഇതിനിടെ, വെള്ളക്കെട്ടില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ വെള്ളത്തിലും തിരച്ചില്‍ തുടര്‍ന്നു. എന്നാല്‍ രാത്രി വൈകിയും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ തിരച്ചില്‍ പുനഃരാരംഭിക്കാനാരിക്കെയാണ് പെണ്‍കുട്ടിയെ സമീപപ്രദേശത്തുനിന്ന് കണ്ടെത്തിയത്. 

ജീവനൊടുക്കിയ ഗോപുവും പെണ്‍കുട്ടിയും കമിതാക്കളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നേരത്തെയും ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും അതിനാലാകാം ജീവനൊടുക്കാനുള്ള തയ്യാറെടുപ്പില്‍ യുവാവ് സ്ഥലത്തെത്തിയതെന്നുമാണ് പോലീസിന്റെ നിഗമനം. യുവാവ് മരിച്ചതോടെ ഭയന്നുപോയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതാണെന്നും കരുതുന്നു. അതേസമയം, പകല്‍സമയത്ത് പോലും ആളുകള്‍ കടന്നുചെല്ലാന്‍ ഭയക്കുന്ന പ്രദേശത്ത് പെണ്‍കുട്ടി ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയ വിവരമറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. 

Content Highlights: Man commits suicide in kumarakom; Missing girl found after hours