കൊൽക്കത്ത: നാട്ടുകൂട്ടം നിർബന്ധിച്ച് വിവാഹം നടത്തിയതിൽ അപമാനിതനായി യുവാവ് ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ മാൽദ ജില്ലയിലെ മാണിക്ചക്ക് ഗ്രാമത്തിലാണ് സംഭവം.

ഇരുപതുകാരനായ മണിക് മണ്ഡലാണ് മരിച്ചത്. മണിക്കിനെയും പത്താം ക്ളാസ് വിദ്യാർഥിനിയായ കാമുകിയെയും ഒരു പാർക്കിൽനിന്ന് ചില നാട്ടുകാർ നിർബന്ധിച്ച് പിടിച്ചു കൊണ്ടുവരികയായിരുന്നു. തുടർന്ന് 'സലീഷി സഭ' എന്ന നാട്ടുകൂട്ടം ചേർന്ന് ഇരുവരെയും വിചാരണ നടത്തി ഉടൻ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. അടുത്തുള്ള ക്ഷേത്രത്തിലെത്തിച്ച് മാലയിടീച്ചെന്നും തങ്ങൾ തടയാൻ നോക്കിയിട്ടും സമ്മതിച്ചില്ലെന്നും മണിക്കിന്റെ ബന്ധുക്കൾ പറഞ്ഞു.

പിറ്റേന്ന് രാവിലെ മണിക്കിനെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പ്രാദേശിക തൃണമൂൽ നേതാവ് ആശിഷ് മണ്ഡലാണ് വിചാരണയ്ക്ക് നേതൃത്വം നൽകിയതെന്ന് മണിക്കിന്റെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ വീട്ടുകാർ മണിക്കിനെ ഉപദ്രവിച്ചതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആശിഷ് മണ്ഡൽ പറഞ്ഞു.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056