കിളിമാനൂര്‍: മരിക്കാന്‍ പോകുകയാണെന്ന് സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസിട്ടശേഷം വിഷം കഴിച്ചനിലയില്‍ കണ്ട യുവാവ് ആശുപത്രിയില്‍ മരിച്ചു. ുടവൂര്‍കോണം, ഉദയകുന്നം അനിഴംഭവനില്‍ മോഹന്‍കുമാറിന്റെയും മായയുടെയും മകന്‍ വൈശാഖ് മോഹന്‍ (24)ആണ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരിച്ചത്.

വിദേശത്തായിരുന്ന വൈശാഖ് മോഹന്‍ കഴിഞ്ഞവര്‍ഷം നാട്ടിലെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ താന്‍ മരിക്കാന്‍ പോകുന്നുവെന്ന് സ്റ്റാറ്റസ് ഇട്ടപ്പോഴാണ് സുഹൃത്തുക്കളും ബന്ധുക്കളും സംഭവം അറിഞ്ഞത്.

തുടര്‍ന്ന് വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ക്കണ്ട വൈശാഖിനെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ചൊവ്വാഴ്ചയാണ് മരിച്ചത്.

ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ സംസ്‌കരിക്കും. വിഷ്ണുമോഹനാണ് സഹോദരന്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)