ബെംഗളൂരു: ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. സംഭവത്തിൽ രണ്ടു മക്കളും മരിച്ചു. ഭാര്യ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഭക്ഷി ഗാർഡനിലായിരുന്നു സംഭവം.

മുരളി (45) ആണ് ഭാര്യ ഗീതയെയും (38), മക്കളായ കാവേരി (21), ശ്രീകാന്ത് (13) എന്നിവരെയും തീ കൊളുത്തിയത്. കാവേരിയും ശ്രീകാന്തും സംഭവസ്ഥലത്തു തന്നെ മരിച്ചു. മുരളി ആശുപത്രിയിലാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട് സമീപവാസികളാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. തീയണച്ചപ്പോൾ കാവേരിയുടെയും ശ്രീകാന്തിന്റെയും മൃതദേഹം കണ്ടെത്തി. മുരളിയും ഗീതയും ഗുരുതരമായി പൊള്ളലേറ്റു കിടക്കുകയായിരുന്നു. ഇവരെ ഉടൻ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും മുരളിമരിച്ചു. ഗീതയ്ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്നു ശ്രീകാന്ത്. കാവേരി കോളേജ് പഠനം പൂർത്തിയാക്കിയിരുന്നു. രണ്ടു വർഷത്തോളമായി മുരളിക്ക് ജോലിയൊന്നുമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ പേരിൽ ഭാര്യയുമായി വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായി. ഇതേത്തുടർന്ന് പുറത്തേക്കുപോയ മുരളി പെട്രോൾ വാങ്ങിക്കൊണ്ടുവന്ന് ഭാര്യയെയും മക്കളെയും തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടൺപേട്ട് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: man commit suicide after set ablaze wife and children