ന്യൂഡല്‍ഹി: ജോലി നഷ്ടമായതില്‍ മനംനൊന്ത് പിതാവ് രണ്ടു മക്കളെ കൊലപ്പെടുത്തി മെട്രോയ്ക്ക് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലാണ് സംഭവം. ഷാലിമാര്‍ ബാഗ് സ്വദേശി മധുറാണ് മക്കളായ സമീക്ഷ (14), ശ്രേയാന്‍ (6) എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.

ഷാലിമാര്‍ബാഗിലെ ഉരക്കടലാസ് നിര്‍മാണ് ശാലയിലെ ജീവനക്കാരനായിരുന്നു മധുര്‍. കമ്പനി പൂട്ടിയതിനെ തുടര്‍ന്ന് ആറ് മാസമായി മധുറിന്റെ ജോലി നഷ്ടമായി. മാതാപിതാക്കളില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് മധുറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ജോലി നഷ്ടമായതില്‍  മധുറിന് കടുത്ത മാനസികസമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം മധുറിന്റെ ഭാര്യ മാര്‍ക്കറ്റില്‍ പോയ സമയത്താണ് കുട്ടികളെ കൊലപ്പെടുത്തിയത്. തലയണവെച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയ യുവതി കുട്ടികളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മധുറിന്റെ മൃതദേഹം ഹൈദര്‍പുര്‍ ബദ്‌ലി മെട്രോ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍  വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
 
 

Content Highlights: Man commit suicide after killing children in NewDelhi