കാൻപുർ: ഭാര്യയുമായുള്ള വഴക്കിനിടെ യുവാവ് സ്വയം നാവ് മുറിച്ചു. ഉത്തർപ്രദേശിലെ ഗോപാൽപുർ സ്വദേശിയായ മുകേഷാണ്(27) ഭാര്യയുമായി ഫോണിലൂടെ വഴക്കിടുന്നതിനിടെ നാവ് മുറിച്ചത്. പരിക്ക് ഗുരുതരമായതിനാൽ യുവാവിനെ പിന്നീട് കാൻപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുകേഷും ഭാര്യ നിഷയും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നു. ഏതാനുംദിവസം മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും നിഷ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. ശനിയാഴ്ച ഭാര്യയെ ഫോണിൽവിളിച്ച മുകേഷ് തിരികെ വരാൻ ആവശ്യപ്പെട്ടു. എന്നാൽ മടങ്ങിവരാൻ ഭാര്യ തയ്യാറായില്ല. ഇതോടെ ദമ്പതിമാർ തമ്മിൽ ഫോണിലൂടെയും വഴക്കുണ്ടാക്കി. ഇതിനിടെയാണ് ബ്ലേഡ് ഉപയോഗിച്ച് മുകേഷ് സ്വയം നാവ് മുറിച്ചത്.

കരച്ചിൽ കേട്ടെത്തിയ ബന്ധുവാണ് നാവ് അറ്റുപോയി, ചോരയൊലിച്ച് നിൽക്കുന്ന മുകേഷിനെ ആദ്യം കണ്ടത്. ഉടൻതന്നെ ബന്ധുക്കൾ ഇയാളെ സമീപത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കാൻപുരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights:man chops off his tongue during quarrel with wife