മൂവാറ്റുപുഴ: മാധ്യമ പ്രവര്‍ത്തകനെന്ന പേരില്‍ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രധാന പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി ഇടുക്കി ശാന്തന്‍പാറ വള്ളക്കാക്കുടിയില്‍ ബിനു മാത്യുവിനെതിരേ മൂവാറ്റുപുഴ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

വന്ധ്യതാ ചികിത്സകനും മൂവാറ്റുപുഴ 'സബൈന്‍സ് ആശുപത്രി' ഉടമയുമായ ഡോ. എസ്. സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് കോലഞ്ചേരി കേന്ദ്രീകരിച്ചുള്ള മാധ്യമ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട് എത്തിയ ബിനുവിനെതിരേ പോലീസ് അന്വേഷണം ശക്തിപ്പെടുത്തിയിരിക്കുന്നത്.

ആശുപത്രിയുടെ ചിത്രങ്ങളും മറ്റും കാണിച്ചായിരുന്നു പണം തട്ടല്‍. തുടര്‍ന്ന് ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിന്റെ രേഖകള്‍ സഹിതം ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയതോടെ ബിനു മുങ്ങി. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനിടെ, ജില്ലാ ക്രൈംബ്രാഞ്ചും കേസ് പരിശോധിച്ചു.

മൂവാറ്റുപുഴ എസ്.ഐ. സൂഫിയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ, മറ്റു ചില കേന്ദ്രങ്ങളില്‍നിന്ന് ഡോക്ടറെ സമ്മര്‍ദത്തിലാക്കി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു. പല ഇടനിലക്കാര്‍ വഴി, ഇനിയും പ്രശ്‌നങ്ങളുണ്ടാകുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

വ്യാജ കേസ് ചമച്ച് ഡോക്ടറെക്കൊണ്ട് മുന്‍കൂര്‍ ജാമ്യമെടുപ്പിക്കാനും ശ്രമമുണ്ടായി. ബിനു ഡോക്ടറെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ച വീഡിയോകള്‍ ആശുപത്രിക്കെതിരേ പ്രചരിപ്പിക്കുകയും ചെയ്തു. കേസിലെ തെളിവുകളായ വീഡിയോ പ്രചരിപ്പിച്ചതു സംബന്ധിച്ചും പോലീസില്‍ പരാതിയുണ്ട്.

ഡോക്ടറെ കുടുക്കാന്‍ മൂവാറ്റുപുഴയിലുള്ള ചിലരുമായി ബിനു കൂട്ടുചേര്‍ന്നതായും സംശയിക്കുന്നുണ്ട്.  അതിനിടെ കോലഞ്ചേരിയിലെ ബിനുവിന്റെ വാടകവീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനെത്തിയ പോലീസുദ്യോഗസ്ഥനെ വാതില്‍ അടച്ച് പരിക്കേല്‍പ്പിക്കാനും ശ്രമം നടന്നിരുന്നു.

Content Highlights: man cheats doctor by faking as journalist