കൊച്ചി: കളമശ്ശേരിയില്‍ ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം തെള്ളകം നടുത്തല വീട്ടില്‍ മര്‍ക്കോസ് ജോര്‍ജിന്റെ (സിന്ധു സോമില്‍ അടിച്ചിറ) മകന്‍ ജെറിന്‍ മാര്‍ക്‌സി(28)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ദേശീയപാതയില്‍ ചങ്ങമ്പുഴ നഗറിനു സമീപത്ത പതിച്ചേരില്‍ ബില്‍ഡിങ്ങെന്ന മൂന്നുനില കെട്ടിടത്തിനു മുകളിലെ നിലയിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ലാബിലെ ജീവനക്കാരനാണ് ജെറിന്‍. പുക ഉയരുന്നത് കണ്ടെത്തിയവര്‍ ശൗചാലയത്തിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. 

കളമശ്ശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കാലിക്കുപ്പിയും കത്തിയ ബാഗും കണ്ടെടുത്തിട്ടുണ്ട്. സ്വകാര്യ ലാബിലെ ബിസിനസ് ഡെവലപ് മെന്റ്ഓഫീസറാണ് ജെറിന്‍. മാതാവ്: സൂസമ്മ. സഹോദരങ്ങള്‍: ജിനോ, ടോണി. സംസ്‌കാരം വ്യാഴാഴ്ച 3.30-ന് തെള്ളകം പുഷ്പഗിരി സെയ്ന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)