ചാലക്കുടി: മദ്യപിച്ച് ലഹരിമൂത്ത് സ്വന്തം നായയെ കെട്ടിത്തൂക്കിയ ആളുടെ പേരില്‍ പോലീസ് കേസെടുത്തു. മേലൂര്‍ കുന്നപ്പിള്ളി സ്വദേശി മംഗലത്ത് വീട്ടില്‍ സുധാകര(60)ന്റെ പേരിലാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നായയുടെ കഴുത്തില്‍ കയര്‍കെട്ടി റബ്ബര്‍മരത്തില്‍ തൂക്കിയിടുകയായിരുന്നു. നായ മരണവെപ്രാളം കാണിക്കുന്ന രംഗം അയല്‍വാസികള്‍ വീഡിയോയില്‍ പകര്‍ത്തി. സംഭവം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അനിമല്‍ ലീഗല്‍ ഫോഴ്സ് സംഘടനയിലെ അഖില്‍മേനോനും സെയ്ത്താന്‍ ജോയിയും കൊരട്ടി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. മൃഗങ്ങളെ ദ്രോഹിക്കുക ഇയാളുടെ വിനോദമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.

നായയുടെ നാലുകാലും കൂട്ടിക്കെട്ടി തൂക്കിപ്പിടിച്ച് തല തൂണില്‍ ഇടിക്കുക, കാലുകളില്‍ തൂക്കിയെടുത്ത് വലിച്ചെറിയുക എന്നിവ പതിവായിരുന്നു. തിങ്കളാഴ്ച പോലീസ് വീട്ടില്‍ എത്തിയപ്പോള്‍ പ്രതി നായയുമായി മുങ്ങി. ചൊവ്വാഴ്ച വീണ്ടും പോലീസ് എത്തിയപ്പോള്‍ പ്രതി ഒളിവിലായിരുന്നു. തുടര്‍ന്ന് നായയെ കസ്റ്റഡിയില്‍ എടുത്ത് കൊരട്ടി സ്റ്റേഷനില്‍ കൊണ്ടുവന്നു. മൃഗഡോക്ടര്‍ സുനില്‍കുമാര്‍ നായയെ പരിശോധിച്ചു. നായയുടെ സംരക്ഷണച്ചുമതല താത്കാലികമായി ഗുരുവായൂര്‍ ഫയര്‍ഫോഴ്സ് ജീവനക്കാരനായ ഷാജുവിന് നല്‍കി.

Content Highlights: man brutally attacks his dog in chalakkudy, police booked case