ന്യൂഡൽഹി: വ്യാജ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് സ്ത്രീകളിൽനിന്ന് പണം തട്ടുന്ന യുവാവ് പിടിയിൽ. നോയിഡയിൽ താമസിക്കുന്ന സുമിത് ഝാ(26)യെയാണ് ഡൽഹി സ്വദേശിനിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങൾ നിർമിച്ച് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. നൂറോളം സ്ത്രീകൾ ഇയാളുടെ കെണിയിൽപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽനിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് വ്യാജ നഗ്നചിത്രങ്ങൾ നിർമിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. പിന്നീട് സ്ത്രീകളെ ഇന്റർനെറ്റ് കോളിലൂടെയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയോ ബന്ധപ്പെടും.

ആവശ്യപ്പെടുന്ന പണമോ സ്വകാര്യചിത്രങ്ങളോ നൽകിയില്ലെങ്കിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരിക്കും ഭീഷണി. ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ച ഡൽഹി സ്വദേശിനിയാണ് പോലീസിൽ പരാതി നൽകിയത്. യുവതിയോടും യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ സുഹൃത്തുക്കളോടും ഇയാൾ പണം ആവശ്യപ്പെട്ടിരുന്നു.

കേസെടുത്ത ഡൽഹി പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്. ഇന്റർനെറ്റ് കോളുകൾ ഉപയോഗിച്ചിരുന്നതിനാൽ പ്രതിയെ കണ്ടെത്തൽ വെല്ലുവിളിയായിരുന്നു. പിന്നീട് സൈബർ സെൽ ഇൻസ്റ്റഗ്രാമിൽനിന്ന് വിവരങ്ങൾ തേടിയാണ് പ്രതിയിലേക്കെത്തിയത്. മൊബൈൽ സേവനദാതാക്കളുടെ സഹായത്തോടെ ഇയാളുടെ സ്ഥലവും കണ്ടുപിടിച്ചു. തുടർന്നാണ് പ്രതിയെ പിടികൂടിയത്.

ബിരുദധാരിയായ സുമിത്ത് ഫിഷിങ്, ഹാക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദഗ്ധനാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഛത്തീസ്ഗഢിലും ഇയാൾ സമാനമായ കേസിൽ ഉൾപ്പെട്ടിരുന്നു.

Content Highlights:man blackmailed many woman by using fake nude pictures arrested