ജയ്പുർ: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിൽ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാൽപുർ സ്വദേശിയായ ബാബുലാൽ ഭിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന പിന്റു എന്നയാൾ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്.

രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്താണ് പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെയും ജനക്കൂട്ടം ആക്രമിച്ചത്. പശുക്കളുമായി വന്ന വാഹനം തടഞ്ഞു നിർത്തിയ ശേഷം ഇരുവരെയും പുറത്തിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ബാബുലാൽ മരിച്ചു.

ഇരുവരുടെയും മൊബൈൽ ഫോണുകളും മറ്റു രേഖകളും അക്രമികൾ കവർന്നതായി ഉദയ്പുർ റെയ്ഞ്ച് ഐ.ജി. സത്യവീർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അർധരാത്രി വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോൾ ആൾക്കൂട്ടം രണ്ടുപേരെയും മർദിക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസുകാരാണ് രണ്ടു പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:man beaten to death in rajasthan over cow smuggling allegation