പൂണെ: ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് യുവാവിനെ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ്(26) ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മുംബൈ-ലാത്തൂര്‍-ബിദര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം.
അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകള്‍ക്കുമൊപ്പാണ് വ്യാഴാഴ്ച പുലര്‍ച്ചെ സാഗര്‍ ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നല്ല തിരക്കായതിനാല്‍ ഇവര്‍ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനിടെ കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുകയായിരുന്ന ഭാര്യയ്ക്ക് എങ്ങനെയെങ്കിലും സീറ്റ് ഉറപ്പാക്കാന്‍ സാഗര്‍ ശ്രമിച്ചു. ഇതിനായി ഒരു സ്ത്രീയോട് അല്പം നീങ്ങിയിരിക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ ബഹളംവെച്ച് യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ അടക്കം 12 പേര്‍ ചേര്‍ന്നാണ് സാഗറിനെ മര്‍ദിച്ചതെന്നാണ് ഭാര്യയുടെ മൊഴി.
സാഗറിനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് ഭാര്യയും അമ്മയും തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്മാറിയില്ല. തുടര്‍ന്ന് ട്രെയിന്‍ ദൗന്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സാഗറിന്റെ ഭാര്യ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി. ഉടന്‍തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കല്യാണില്‍ താമസിക്കുന്ന സാഗറും കുടുംബവും സോളാപൂരില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായാണ് ട്രെയിനില്‍ കയറിയത്.
സംഭവത്തില്‍ പ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.
Content Highlights: Man beaten to death by passengers in express train