വെള്ളരിക്കുണ്ട്(കാസര്‍കോട്):  ഭാര്യയുടെ കൂടെ കണ്ടതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയല്‍വാസിയുടെ മര്‍ദനമേറ്റ് 42-കാരന്‍ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കര കോളനിയിലെ കുറ്റിയാട്ട് വീട്ടില്‍ രവിയാണ് മരിച്ചത്. സംഭവത്തില്‍ വില്യാട്ട് വീട്ടില്‍ രാമകൃഷ്ണ(50)നെ വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ എ.അനില്‍കുമാര്‍ അറസ്റ്റുചെയ്തു. 

രവിയെ ഭാര്യയുടെ സമീപം കണ്ടതിനാലാണ് തര്‍ക്കവും മര്‍ദനവുമുണ്ടായതെന്ന് രാമകൃഷ്ണന്‍ മൊഴിനല്‍കിയതായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണന്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. 'പതിവുപോലെ പണിക്കുപോയ താന്‍ പണിയില്ലാത്തതിനാല്‍ അതേ ഓട്ടോറിക്ഷയില്‍ തിരിച്ചുവന്നു. വീട്ടില്‍ രവിയെയും ഭാര്യയെയും കണ്ടത് ചോദ്യംചെയ്യുകയും വാക്തര്‍ക്കമുണ്ടാവുകയുംചെയ്തു. ഇതിനിടെ മുറ്റത്തുണ്ടായിരുന്ന മരപ്പലകയെടുത്ത് രവിയുടെ തലയ്ക്കടിച്ചു' -ഇതാണ് രാമകൃഷ്ണന്‍ പോലീസിന് നല്‍കിയ മൊഴി. ഗുരുതരാവസ്ഥയില്‍ രവിയെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കുള്ള വഴിമധ്യേ മരിച്ചു. രാമകൃഷ്ണന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുറ്റിയാട്ട് വീട്ടില്‍ കണ്ണന്റെയും പുത്തരിച്ചിയുടെയും ഏക മകനാണ് മരിച്ച രവി.

Content Highlights: man beaten to death by neighbour in kasargod