മൈസൂരു: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. കർണാടക മാണ്ഡ്യ താലൂക്കിലെ കോതിഹള്ളി ഗ്രാമത്തിലെ ഭൈരപ്പ(30) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഭൈരപ്പ ഏഴ് വയസ്സുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി പീഡനത്തിനിരയായ വിവരം പറഞ്ഞു. പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കൾ ഭൈരപ്പയെ മർദിക്കുകയായിരുന്നു.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു. കൊല്ലപ്പെട്ട ഭൈരപ്പക്കെതിരേ നേരത്തെയും സമാന പരാതികളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാൾ ഗ്രാമത്തിലെ കുട്ടികൾക്ക് മൊബൈൽ ഫോണിൽ അശ്ലീലചിത്രങ്ങൾ കാണിച്ചിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഈ സംഭവത്തിൽ നാട്ടുകാർ ശക്തമായ താക്കീത് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഭൈരപ്പ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്.
Content Highlights:man beaten to death after he raped seven year old girl