കൊച്ചി: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് ഗൃഹനാഥന്റെ മൊഴി. കൊച്ചി കടവന്ത്രയില്‍ താമസിക്കുന്ന നാരായണനാണ് കൊലപാതകത്തിന് പിന്നിലെ കാരണം പോലീസിനോട് വെളിപ്പെടുത്തിയത്. ഭാര്യ ജോയമോള്‍, മക്കളായ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരെ കൊലപ്പെടുത്തിയാണ് നാരായണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നാരായണനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെയാണ് നാരായണന്‍ ഭാര്യയെയും നാലും ആറും വയസ്സുള്ള മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉറക്കഗുളിക നല്‍കിയ ശേഷം ഷൂലേസ് കഴുത്തില്‍ മുറുക്കിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്നാണ് നാരായണന്റെ മൊഴി. പിന്നാലെ കഴുത്തിലെയും കൈയിലെ ഞരമ്പുകള്‍ മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. 

രാവിലെ ഫോണ്‍വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ജോയമോളുടെ സഹോദരി നാരായണന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാലുപേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോയമോളും മക്കളും മരിച്ചിരുന്നു. പൂക്കളുടെ മൊത്തവ്യാപാരം നടത്തുന്ന നാരായണനും കുടുംബവും കഴിഞ്ഞ ഒന്നരവര്‍ഷമായി കടവന്ത്രയിലാണ് താമസം. 

Content Highlights: Man attempts to suicide after killing wife and children in Kadavanthra, Kochi