കൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊച്ചുകടവന്ത്രയില്‍ താമസിക്കുന്ന നാരായണന്‍ എന്നയാളാണ് ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന്‍ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ശനിയാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം. വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടിലെത്തി എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും മക്കളും മരിച്ചിരുന്നു. മൂവരെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അതേസമയം, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

ഹോള്‍സെയിലായി പൂക്കള്‍ വില്‍പ്പന നടത്തിയിരുന്നയാളാണ് നാരായണനെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കള്‍ക്കും മറ്റും നാരായണന്‍ പുതുവത്സരദിനാശംസകള്‍ നേര്‍ന്ന് മെസേജ് അയച്ചിരുന്നു. പിന്നാലെ 'സോറി' എന്നും സന്ദേശമയച്ചതായും നാട്ടുകാര്‍ പറഞ്ഞു. 

വിവരമറിഞ്ഞ് എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍, തേവര എസ്.എച്ച്.ഒ. തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

Content Highlights: Man attempted to suicide after killing wife and children in Kochi, Ernakulam