ബെംഗളൂരു: മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ ബെംഗളൂരുവില്‍ പിടിയില്‍. വിത്സന്‍ ഗാര്‍ഡന്‍ സ്വദേശികളായ ഡേവിഡ് (24), ബി.എം. മഞ്ജുനാഥ് (28), കെ. മഞ്ജുനാഥ് (27), മുനികൃഷ്ണ (25), സന്ദീപ് (23) എന്നിവരാണ് അറസ്റ്റിലായത്. സമീപവാസിയായ പെണ്‍കുട്ടിയോട് നിരന്തരം ഡേവിഡ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. മൂന്നുദിവസം മുമ്പ് പെണ്‍കുട്ടിയുടെ വീടിന് മുമ്പിലാണ് ഡേവിഡിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

പിറന്നാള്‍ ആഘോഷത്തെ എതിര്‍ത്തതോടെ ഡേവിഡും പെണ്‍കുട്ടിയുടെ അച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ആയുധവുമായെത്തി സംഘം ഇദ്ദേഹത്തെ അക്രമിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതോടെയാണ് വിത്സന്‍ ഗാര്‍ഡന്‍ പോലീസ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്. മുമ്പും ഒട്ടേറെ കേസുകളില്‍ ഇവര്‍ പ്രതികളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അച്ഛനെ നേരത്തേ രണ്ടുതവണ അക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ പോലീസിന് മൊഴിനല്‍കി. ആസൂത്രണം പാളിപ്പോയതിനാല്‍ തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.