പൊള്ളാച്ചി: ആനമലയില്‍ പെണ്‍സുഹൃത്തിനെ കാണാന്‍ പാതിരാത്രിയില്‍ ചുറ്റുമതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു. ആനമല ശക്തിനഗറില്‍ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) മര്‍ദനമേറ്റത്.

ഹരിഹരസുധാകരന്‍ ഒരു മേജറുടെ തെങ്ങിന്‍തോട്ടത്തിലെ ജോലിക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്ക് വന്ന യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. വിവരമറിഞ്ഞ വീട്ടുടമ ഹരിഹരസുധാകരനെ ശാസിച്ചതിനെത്തുടര്‍ന്ന് ഹരിഹരസുധാകരന്‍ ജോലിയില്‍നിന്ന് പോയി വേറെ തോട്ടത്തില്‍ ജോലിക്കു ചേര്‍ന്നു. ശേഷവും ബന്ധം തുടര്‍ന്നതായി പറയുന്നു. 

സംഭവദിവസം ഹരിഹരസുധാകരന്‍ പാതിരാത്രിക്ക് യുവതി താമസിക്കുന്ന വീടിന്റെ മുമ്പില്‍ വന്ന് യുവതിയെ പുറത്തേക്കയക്കാന്‍ പറഞ്ഞ് ലഹള കൂടിയതായി പറയുന്നു. വരാത്തതു കാരണം വീടിന്റെ മതില്‍ കടന്ന് ഉള്ളില്‍ ചെന്നപ്പോള്‍ വീട്ടുജോലിക്കാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നു പറയുന്നു.

ശേഷം യുവാവിനെ അഴിച്ചുവിട്ടു. യുവാവ് വീട്ടില്‍ ചെന്ന് ഒന്നും പറയാതെ ഉറങ്ങി. കാലത്ത് അമ്മ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പറഞ്ഞത്. ഉടന്‍തന്നെ വേട്ടക്കാരന്‍പുതൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി ആനമല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ വീട്ടുജോലിക്കാരായ രാമന്‍, കാളിമുത്തു, കേശവന്‍, രാജാത്തി, രണ്ട് ഉത്തരേന്ത്യക്കാര്‍, തോട്ടമുടമയായ മേജര്‍ എന്നിവരുടെ പേരില്‍ കേസെടുത്തു. പാതിരാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും ലഹളകൂട്ടിയതിനും യുവാവിനെതിരെയും കേസെടുത്തു.