പെരിന്തല്‍മണ്ണ: കള്ളുഷാപ്പിനു സമീപത്തുണ്ടായ വാക്കുതര്‍ക്കത്തിനിടെ സ്‌കൂട്ടറിന്റെ താക്കോല്‍ കൊണ്ട് യുവാവിന്റെ കണ്ണില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പെരിന്തല്‍മണ്ണ എരവിമംഗലം ദേവസ്വംപറമ്പ് പുറംതോട്ടത്തില്‍ മുഹമ്മദ് ഷമ്മാസിനെ(30)യാണ് പെരിന്തല്‍മണ്ണയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തത്. ഡിസംബര്‍ 24-ന് പകല്‍ മൂന്നരയോടെ ആനത്താനം കള്ളുഷാപ്പിന് സമീപത്തായിരുന്നു സംഭവം. എരവിമംഗലം വടക്കേതില്‍ വിനയന്റെ(35) ഇടതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മറ്റൊരു വ്യക്തിയുമായുള്ള പ്രശ്‌നത്തില്‍ വിനയന്‍ ഇടപെട്ടതിനെ ഷമ്മാസ് ചോദ്യംചെയ്യുകയും ഇതിന്റെപേരില്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങളുണ്ടാവുകയും ചെയ്തിരുന്നു. സംഭവദിവസം ആനത്താനം കള്ളുഷാപ്പില്‍നിന്ന് വിനയനെ ഷമ്മാസ് പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി.
ഇതിനിടെ വിനയന്റെ കരച്ചില്‍കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോള്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഷമ്മാസ് സ്‌കൂട്ടറിന്റെ താക്കോല്‍ ഉപയോഗിച്ച് കണ്ണില്‍ കുത്തുകയായിരുന്നുവെന്നാണ് പിന്നീട് വിനയന്‍ പോലീസിനു നല്‍കിയ മൊഴി. ബോധരഹിതനായ വിനയനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോളാണ് കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടതറിഞ്ഞത്.
ഇതിനിടെ ഒളിവില്‍പ്പോയ മുഹമ്മദ് ഷമ്മാസിനെ തിങ്കളാഴ്ച വൈകീട്ട് എസ്.ഐ വി. ഹേമലതയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു. എ.എസ്.ഐ അബ്ദുള്‍സലീം, പ്രഭുല്‍, ഷഫീഖ്, കബീര്‍, ഷാലു, മിഥുന്‍, സജീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Content Highlights: man attacked by youth and lost his vision