മൂന്നാർ: വളർത്തുനായ വിറകുപുരയിൽ കാഷ്ഠിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 54-കാരൻ അയൽക്കാരനെ വെട്ടിപരിക്കേൽപ്പിച്ചു. മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം ടാറ്റാ ടീ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാജി(32)നാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ പളനി(54)യെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

രാജിന്റെ വളർത്തുനായ പളനിയുടെ വിറകുപുരയിൽ കാഷ്ഠിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും നായ ഇത് ആവർത്തിച്ചതോടെ പളനി പ്രകോപിതനായി. തുടർന്ന് കൃഷിയിടത്തിൽ ഉപയോഗിക്കുന്ന ആയുധം കൊണ്ട് രാജിനെ ആക്രമിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു.

ആക്രമണത്തിൽ രാജിന്റെ ഒരു ചെവി അറ്റുപോയി. കഴുത്തിലും വെട്ടേറ്റു. പരിക്കേറ്റ രാജിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അറ്റുപോയ ചെവി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ തുന്നിച്ചേർക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. മൂന്നാർ എസ്.ഐ. ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights:man attacked by neighbor in munnar lost his one ear and injured