കോട്ടയം: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം എരുമേലി സ്വദേശി ആഷിഖ് ആണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് ആഷിഖ് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്വദേശിയായ 23 വയസ്സുള്ള യുവതിക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടിയും ആഷിഖും സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രണയം അവസാനിപ്പിക്കാമെന്ന് യുവതി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പെണ്‍കുട്ടി യു.കെയില്‍ ഉപരിപഠനത്തിന് പോകാന്‍ തീരുമാനിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് എടുക്കാനായി 1500 രൂപ നല്‍കിയത് ആഷിഖ് ആയിരുന്നു. എന്നാല്‍ യാത്രയ്ക്ക് ദിവസം അടുത്ത് വന്നതോടെ തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് യുവാവ് പ്രകോപിതനായത് എന്നാണ് വിവരം.

ഞായറാഴ്ച ഇരുവരും എരുമേലിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ തനിക്ക് പ്രണയം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തന്റെ ബൈക്കിന്റെ പിന്നില്‍ കയറാന്‍ ആഷിഖ് നിര്‍ബന്ധിച്ചുവെങ്കിലും യുവതി വഴങ്ങാതെ വീട്ടിലേക്ക് പോയി. പിന്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ ശേഷം ആഷിഖ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിക്ക് കാര്യമായി പരിക്കുകളില്ലെന്നാണ് വിവരം.

Content Highlights: Man assaulted lover for trying to withdraw from love relationship