തൊടുപുഴ: രണ്ടുകിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് പിടിയില്‍. പാലാ കൊട്ടാരംകുന്നേല്‍ ജോമോനാണ് (27) അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന പാലാ ചെത്തിമറ്റം സ്വദേശി ജീവന്‍ ഓടി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30-ന് തെക്കുംഭാഗം-അഞ്ചിരി റൂട്ടില്‍ മലങ്കര ഗേറ്റിന് സമീപത്ത് വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.

സംശയാസ്പദമായി ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ കൈയിലെ അരിസഞ്ചി പോലീസ് പരിശോധിക്കുന്നതിനിടെ പിന്നിലിരുന്ന ജീവന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ബൈക്കിന്റെ ടാങ്കില്‍ സൂക്ഷിച്ചിരുന്ന സഞ്ചി പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയില്‍ രണ്ട് കിലോ ഉണക്കക്കഞ്ചാവ് കണ്ടെത്തി. തുടര്‍ന്ന് തൊടുപുഴ എസ്.ഐ. ബൈജു പി.ബാബുവിന്റെ നേതൃത്വത്തില്‍ ജോമോനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഞ്ചാവ് എവിടെനിന്നാണ് വാങ്ങിയതെന്നും ആര്‍ക്ക് നല്‍കാനാണ് കൊണ്ടുവന്നതെന്നുമറിയാന്‍ പ്രതിയെ ചോദ്യംചെയ്യണമെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട ബസ് തൊഴിലാളിയായ രണ്ടാം പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എസ്.ഐ. ജോസഫ്, എ.എസ്.ഐ. നജീബ്, എ.എസ്.ഐ. ഷംസുദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിന്ന പി.കെ, ബിനു എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.