കുമളി: വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന, ഒരു ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു കിലോ കഞ്ചാവ് കുമളി ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം പിടിച്ചു. വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ സ്വദേശി മാണിക് സുമനും (23) പിടിയിലായി.

അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് ചെക്ക്‌പോസ്റ്റുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ട്. ഇത് മുതലെടുത്തായിരുന്നു കഞ്ചാവുകടത്ത്.ഗൂഡല്ലൂരില്‍നിന്നു നാലായിരം കിലോ വാഴക്കുലയുമായിവന്ന വാഹനത്തില്‍ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്.

രേഖകള്‍ നോക്കുന്നതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വാഴക്കുല പുറത്തിറക്കി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.കഞ്ചാവ് കോട്ടയത്ത് എത്തിക്കാനായിരുന്നെന്ന് പ്രതി മൊഴിനല്‍കി. ആന്ധ്രാപ്രദേശില്‍ ഡ്രൈവറായിരുന്ന ഇയാള്‍ മുമ്പും നാട്ടിലേക്ക് കഞ്ചാവ് കടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

വാഹനം കസ്റ്റഡിയിലെടുത്തു. വാഴക്കുലകള്‍ ലേലം ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ റോയ് വി.ജെ., പ്രിവന്റീവ് ഓഫീസര്‍മാരായ രാജകുമാര്‍ ബി., രവി വി., നെബു എ.സി., സേവ്യര്‍ പി.ഡി., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നദീര്‍ കെ.ഷംസ്, അനീഷ് ടി.എ., രഞ്ജിത്ത് എന്‍. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.