പാലക്കാട്: വാളയാർ അതിർത്തിവഴി സംസ്ഥാനത്തേക്ക് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 20 ലക്ഷംരൂപ എക്സൈസ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശി വിശാൽ (വിലാസ്-30) ആണ് അറസ്റ്റിലായത്.

തദ്ദേശതിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കോയമ്പത്തൂരിൽനിന്ന് മലപ്പുറം, കൊണ്ടോട്ടി ഭാഗങ്ങളിലേക്കാണ് പണംകടത്താൻ ശ്രമിച്ചതെന്ന് പിടിയിലായ യുവാവ് മൊഴി നൽകിയതായി എക്സൈസ് അധികൃതർ പറഞ്ഞു.

എക്സൈസ് എ.ഇ.സി. സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.എസ്. പ്രശോബിന്റെ നേതൃത്വത്തിൽ പാലക്കാട്, വാളയാർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് രേഖകളില്ലാത്ത പണവുമായിയെത്തിയ ഇയാൾ പിടിയിലായത്. 2,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത്.

സ്ഥിരമായി ഇത്തരത്തിൽ കുഴൽപ്പണം തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്തുന്നതായാണ് എക്സൈസ് സംഘത്തിന് ലഭിച്ച വിവരം. ഇയാൾ മറുനാട്ടുകാരനാണെങ്കിലും വർഷങ്ങളായി മലപ്പുറം കൊണ്ടോട്ടിയിൽ കുടുംബസമേതം താമസിച്ചുവരികയാണ്. കൊണ്ടോട്ടി കിഴിശ്ശേരിയിൽ സ്വന്തമായി സ്വർണക്കടയുമുണ്ട്. അറസ്റ്റുചെയ്ത യുവാവിനെയും കണ്ടെടുത്ത തുകയും വാളയാർപോലീസിന് കൈമാറി.

അതിർത്തി കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടർന്നും ഉണ്ടാകുമെന്ന് എ.ഇ.സി. സ്ക്വാഡ് സി.ഐ. പി.കെ. സതീഷ് പറഞ്ഞു.

പ്രിവന്റീവ് ഓഫീസർ എ. ജയപ്രകാശ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എസ്. മൻസൂർ അലി, സിവിൽ എക്സൈസ് ഓഫീസർമാരായ ബി. ഷൈബു, കെ. ജ്ഞാനകുമാർ, കെ. അഭിലാഷ്, എം. അഷറഫലി, എ. ബിജു, ഡ്രൈവർ ലൂക്കോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Content Highlights:man arrested with twenty lakh in walayar