തൃപ്രയാര്‍: വ്യാജ മദ്യശേഖരവുമായി യുവാവ് എക്‌സൈസ് പിടിയിലായി. തൃത്തല്ലൂര്‍ എരണേഴത്ത് ലിജിനാണ്(35) പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് 56 കുപ്പികളിലായി 28 ലിറ്റര്‍ മദ്യം പിടികൂടി.

പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജമദ്യമാണ് കണ്ടെടുത്തതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മദ്യം വീട്ടിലെത്തിച്ചശേഷം സമീപത്തെ കുറ്റിക്കാട്ടില്‍വെച്ചാണ് ആവശ്യക്കാര്‍ക്ക് നല്‍കിവന്നിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

വാടാനപ്പള്ളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബി. സുനില്‍കുമാര്‍, ഫാബിന്‍ പൗലോസ്, ടി.ആര്‍. ഹരിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.ആര്‍. ആന്റണി, നീതു എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.